ദൈവം കുഞ്ഞുങ്ങളെ സമ്മാനിച്ച് ലോകത്തെ സംപൂര്‍ണമാക്കുന്നു. കുഞ്ഞുങ്ങളില്ലാത്ത ലോകം ലോകമല്ല. പ്രപഞ്ചത്തിന്‍റെ സർവ്വവ്യാപിയായ ഉത്ഭവശക്ത്തിയും പരിവർത്തന ശക്തിയും പ്രകൃതിയാണ്. പ്രകൃതിയില്ലാതെ ആർക്കും വളരാനും അതിജീവിക്കാനും കഴിയില്ല. ചുവടുവയ്ക്കാൻ പഠിക്കുമ്പോൾ തന്നെ ഈ വസ്തുത നമ്മുടെ കുട്ടികളും അറിയണം. അതിനാൽ, ശാരീരികവും മാനസികവുമായ സന്തോഷത്തിനായി പ്രകൃതിയോടുള്ള അടുപ്പത്തിന്‍റെ ആവശ്യകത അറിയാ൯ നമ്മൾ നമ്മുടെ കുട്ടികളെ തയ്യാറാക്കണം. ഭൂമിയിലെ നിധിയായ ചെടികളും മരങ്ങളുമാണ് മനുഷ്യനെയും സര്‍വ്വ ജീവജാലങ്ങളെയും സുസ്ഥിരമായി നിലനിർത്തുന്നത്. അതിനാൽ, പ്രകൃതിയുമായി ശാരീരികവും മാനസികവുമായിട്ടുള്ള അഗാധ ബന്ധം ഊട്ടിയുറപ്പിക്കാന്‍ നമ്മുടെ കുട്ടികള്‍ക്കുവേണ്ടി പ്രകൃതി സൌഹൃദമായ ഉദ്യാനങ്ങള്‍ നാം തയ്യാറാക്കുന്നത് ഭാവിയിലേക്കുള്ള ചുവടുവയ്പ്പയിരിക്കും.
1. പൂക്കളെ സ്പ൪ശിച്ചറിയുന്ന കുരുന്ന്.
ഒരു പൂന്തോട്ടത്തിൽ മനോഹരമായ ചെടികൾ വളരുന്നതും പുഷ്പിക്കുന്നതും കാഫലം നല്‍കുന്നതും വളരെ അടുത്തറിയുന്ന ഒരനുഭവമാണ്. പല രാജ്യങ്ങളിലും ഇത്തരം ചെടിത്തോട്ടങ്ങള്‍ കുട്ടികള്‍ക്കുവേണ്ടി സജ്ജീകരിക്കാന്‍ വ്യത്യസ്ത രീതികൾ അവലംബിക്കുന്നുണ്ട്. സ്പ൪ശവേദ്യമായ ഇത്തരം സസ്യങ്ങളുടെ നഴ്സറി എന്നത് അത്തരമൊരു ആശയമാണ്. മാനസിക പിരിമുറുക്കം കുറയ്ക്കാ൯ ഇത്തരം നിര്‍മ്മിത ഉദ്യാനങ്ങൾ വളരെയധികം സഹായിക്കും. അതുപോലെ തന്നെ കുട്ടികള്‍ക്ക് അവയെ സ്പ൪ശിച്ചറിയാനും അവയുടെ വളര്‍ച്ച കണ്ടാനന്ദിക്കാനും ഈ തോട്ടങ്ങളിൽ വളര്‍ത്തുന്ന ഓരോ ചെടിയും സഹായിക്കും. കുട്ടികള്‍ വളര്‍ത്തുന്ന ഓരോ ചെടിയുടെയും വളര്‍ച്ച അവരുടെ മാനസ്സിക വളര്‍ച്ചയെയും നിരീക്ഷണ പാടവത്തെയും വര്‍ധിപ്പിക്കും. ഉദ്യാനങ്ങളുമായി സ്ഥിരം ബന്ധപ്പെട്ടു വളര്‍ന്നുവരുന്ന കുട്ടികൾ പ്രകൃതിയെ സ്നേഹിക്കുന്നതും കുടുംബത്തിൽ ഊഷ്മളത നില്നി൪ത്തുന്നതായും കണ്ടുവരുന്നു. ഓട്ടിസം ബാധിച്ച കുട്ടികളുടെ കാര്യത്തിലും ഇത് അത്ഭുതങ്ങൾ സൃഷ്ടിക്കും.
2. ചെടികളെയും പൂക്കളെയും കുട്ടി പഠിക്കുന്നു.
വിശാലമായിട്ടല്ലെങ്കിലും ചെറിയ പൂന്തോട്ടമൊ അല്ലെങ്കിൽ അതിനു സമാനമായ ചെടികളുടെ ഒരു ശേഖരമോ നമ്മുടെ സ്വന്തം വീട്ടു പരിസരത്ത് മനസ്സിനിണങ്ങിയ രീതിയില്‍ സജ്ജീകരിക്കാവുന്നതാണ്. ഇങ്ങനെ ഒരു ഉദ്യാനം തയ്യറാക്കുന്നതിനു മു൯പായി നിലം ഒരുക്കലാണ് ആദ്യ പടി. ഇരിക്കാന്‍ ബെഞ്ചുകളും നടക്കാ൯ നടപ്പാതകളും ക്രമീകരിക്കാം. ചെടികളെ സംരക്ഷിക്കുന്നതിനും അവയ്ക്ക് ജലം നല്‍കുന്നതിനും ഉള്ള സാമഗ്രികളും കരുതണം. നിലം ഒരുക്കിയതിനു ശേഷം ഒരേതരം ചെടികളോ വിത്തുകളോ നടുന്നതിനുള്ള സ്ഥലങ്ങള്‍ നിര്‍ണ്ണയിക്കുക. അതിനു ശേഷം ആവശ്യമായ ചെടികളുടെ ഒരു കരടു രേഖ തയ്യാറാക്കുക. കുട്ടികളെ ദോഷകരമായി ബാധിക്കുന്ന ചെടികൾ ഒന്നും തന്നെ തിരഞ്ഞെടുക്കാ൯ പാടില്ല.
3. ഇലകളുടെ ഘടന മനസ്സിലാക്കുന്നു.
കൂടാതെ ഈ നഴ്സറിയിലേക്കു തിരഞ്ഞെടുക്കുന്ന ചെടികളിൽ ഓരോന്നിനും ഏതെങ്കിലും ഒരു വ്യത്യസ്ത സംവേദന സ്വഭാവം ഉണ്ടായിരിക്കാ൯ പ്രത്യേകം ശ്രദ്ധിക്കണം. അതായത് മണമുള്ള പൂവ്, പുളിയുള്ള പഴങ്ങള്‍, നിറമുള്ള ഇലകള്‍, ചെറിയ മുള്ളുകള്‍ മുതലായവ. ഇതിന്‍റെ ഉദ്ദേശം കുട്ടികള്‍ക്ക് പേരുപറഞ്ഞു ഓരോന്നിനെയും പരിചയപ്പെടുത്താനും, അവയുടെ നിറം, രുചി, മണം എന്നിവ മനസ്സിലാക്കികൊടുക്കുന്നതിനുമാണ്. കുട്ടികള്‍ക്ക് ചവച്ചു രുചി അനുഭവിക്കാന്‍ പോന്ന ഇലകള്‍, അതായത് പുതിന പോലുള്ള സസ്യങ്ങൾ, എരിവറിയുന്ന മുളക് ചെടികൾ, തോട്ടുനോക്കുമ്പോള്‍ മുള്ളുള്ള ചെടികൾ എന്നിവയും തിരഞ്ഞെടുക്കാം. ഭക്ഷ്യ യോഗ്യമായ ഇലകളും കായ്കളും രുചിക്കുന്നത് മൂലം അവരുടെ രുചി മുകുളങ്ങൾ മെച്ചപ്പെടുന്നതാണ്.
പൂന്തോട്ടത്തിനകത്തെ ചെറിയ നടപ്പാതകൾ പലതരം പ്രതലങ്ങളാൽ അലങ്കരിക്കാവുന്നതാണ്. ഭംഗിയുള്ള കല്ലുകളുപയോഗിച്ചു ചെറു കുളങ്ങൾ സ്ഥാപിക്കാൻ കഴിയും. ചെറിയ മീനുകളുള്ള ചെറിയ കുളങ്ങൾ, സാധ്യമെങ്കിൽ പക്ഷികളുടെ കൂടുകളും അവിടെ സജ്ജീകരിക്കാവുന്നതാണ്.
4. കായ്ഫലം
രുചിക്കുന്ന കുട്ടികള്‍.
ഇങ്ങനെയുള്ള ചെടികൾ നടുന്നതിനായി അവയുടെ വിത്തുകളോ, തൈകളോ, തണ്ടുകളോ ഉപയോഗിക്കാവുന്നതാണ്. നടുന്ന സമയം കുട്ടികളെക്കൂടെ കൂട്ടുന്നത് നനായിരിക്കും. അവരുടെ സാനിധ്യത്തിൽ ഓരോ ചെടിയുടെയും പേരു വെളിപ്പെടുത്തി നേരത്തേ നിര്‍ണ്ണയിച്ചു തിരിച്ചിട്ടുള്ള സ്ഥലങ്ങളിൽ നടുക. അവ കിളിര്‍ത്തു തുടങ്ങുമ്പോൾ അവയ്ക്ക് ജലവും വളവും നല്‍കുന്നത് കുട്ടിയുടെ സാന്നിധ്യത്തിലാകാ൯ പ്രത്യേകം ശ്രദ്ധിക്കുക.
5. ചെടികളെ തലോടി രസിക്കുന്നു.
വളര്‍ന്നു വരുന്ന ചെടികളുടെ ഇലകൾ വരുന്നതും അവയുടെ വളര്‍ച്ചയെയും കുട്ടികള്‍ക്ക് ദിവസവും കാണിച്ചു കൊടുത്തു അതെക്കുറിച്ച് വിവരിക്കുക. ഇത്തരം സസ്യജാലങ്ങളുടെ സ്വാധീനം നിങ്ങളുടെ കുട്ടിയിൽ ഒരു അത്ഭുത മാനസ്സിക വികസനം തന്നെ ഉണ്ടാക്കും. ഒരു കുട്ടി ചെടികളെ സ്നേഹിക്കാൻ പഠിച്ചാൽ, അവളുടെ/അവന്‍റെ പെരുമാറ്റത്തിൽ കരുണ, ക്ഷമ, ധാരണ, വിശ്വാസം, ക്രമീകരണങ്ങൾ മുതലായവ വികസിക്കുന്നത് അറിയാന്‍ കഴിയും.
6. കൂടിയുള്ള ഗവേഷണവും ചര്‍ച്ചയും.
കുട്ടികള്‍ പുതിയ തോട്ടത്തിൽ പോകുന്നത് ഒരു ദിനചര്യയാക്കുക. തോട്ടത്തിന്‍റെ പരിപാലനത്തിൽ ഒരു പങ്കു വഹിക്കാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക. വാടിപ്പോയ പൂക്കളും, പുതിയ മുകുളങ്ങളും പൂവ് വിരിയുന്ന സുഗന്ധവും കുട്ടികൾ ആസ്വദിക്കുക തന്നെ ചെയ്യും. അവര്‍ ചെടികളോടു സംസാരിക്കുകയും അതിന്‍റെ ദുഖങ്ങളിൽ പങ്കുചേരുകയും, വാടിയ ചെടികള്‍ക്ക് ജലം പകരുന്നതായും കാണുന്നുണ്ട്. അത്തരം സ്പര്‍ശിയായ അനുഭവം അവരുടെ വിനോദം, അറിവ് സമ്പാദിക്കൽ, എന്നതിനുപരിയായി മാനസ്സിക വളര്‍ച്ചയും അതോടൊപ്പം ആരോഗ്യ പരിപാലനവും മെച്ചപ്പെടുന്നു.
7. പ്രകൃതിയെ മനസ്സിലാക്കുന്നു.
നന്നായി സജ്ജീകരിച്ച ശിശു സൗഹൃദ പാരിസ്ഥിതിക ചെടിത്തോട്ടം കുട്ടികളുടെ ധാരണ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ, മടുപ്പിക്കുന്ന ദൈനംദിന പതിവ് ദിനചര്യകൾ മറന്നു മാതാപിതാക്കൾക്കും കുട്ടികൾക്കൊപ്പം ഇത്തരം ചെടിത്തോട്ടങ്ങളിൽ ആഹ്ലാദകരമായ ഒരു മാനസികാവസ്ഥ ആസ്വദിക്കാൻ കഴിയും.
8. പ്രകൃതിയുമായൊരു സൗഹൃദം.
മാനസിക അസന്തുലിതാവസ്ഥയുള്ള കുട്ടികളെപ്പോലും ഇത്തരത്തിലുള്ള ആരാമ നിര്‍മ്മാണങ്ങളിൽ ഏർപ്പെടുത്താം. വിഷാദരോഗം, പ്രകോപനം, അസ്വസ്ഥത തുടങ്ങിയ വിവിധ പ്രശ്നങ്ങൾ ഉള്ള കുട്ടികളെ ഇത്തരം ചെടിത്തോട്ടങ്ങളിൽ പങ്കെടുപ്പിക്കുന്നത് അസുഖത്തിന്‍റെ തീവ്രത കുറയ്ക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
-0-
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ