താമരപ്പൂവുപോലെ മൃദുലവും ആക൪ഷണവുമായ കുഞ്ഞിക്കൈ-കാലുകളോടെയാണ് നവജാത ശിശുക്കൾ അമ്മമാരുടെ കൈകളിൽ എത്തുന്നത്. നിര്‍ഭാഗ്യവശാൽ വിരളം ചില കുഞ്ഞുങ്ങള്‍ ക്ലബ് ഫൂട്ട് വികലതോയോടെ (കാല്പാദങ്ങൾ ഏതെങ്കിലും ദിശയിലേക്ക് വളഞ്ഞു കോണുന്ന സ്ഥിതി) ജനിക്കുന്നു. ലോകമെമ്പാടും ഓരോ വര്‍ഷവും 200,000 കുഞ്ഞുങ്ങൾ ക്ലബ് ഫൂട്ടുമായി ജനിക്കുന്നു. ഭാരതത്തില്‍ ഇത് ഏകദേശം 50,000 കുഞ്ഞുങ്ങളും കേരളത്തില്‍ 1000 – 2000 കുഞ്ഞുങ്ങളുമാണ്. ക്ലബ് ഫൂട്ട് കുട്ടികളുടെ അപായകരമായ ജനനവൈകല്യങ്ങളിൽ ഒന്നും കുട്ടികളുടെ ചലനത്തെ പരിമിതീകരിക്കുന്ന ഒരു അവസ്ഥയുമാണ്. ഇതേക്കുറിച്ച് ഗവേഷണങ്ങളില്ലാതിരുന്ന പുരാതന കാലങ്ങളിൽ ഇതിനെ ദൈവകോപം ആയോ ദുരാത്മാക്കളുടെ ശരീരപ്രവേശനമായോ ആണ് കണക്കാക്കിയിരുന്നത്. കുഞ്ഞുങ്ങളുടെ ഈ പാദ വൈകല്യം കുടുംബത്തെ അതീവ മാനസ്സികാഘാതത്തിലേക്ക് തള്ളിവിടുന്നു. ജനിച്ച ഉടനെ ഇത് ശ്രദ്ധയില്‍ പ്പെട്ടില്ലെങ്കിലും വൈകാതെ തന്നെ ഈ വികലത മനസ്സിലാക്കാവുന്നതാണ്.
എന്താണ് ക്ലബ് ഫൂട്ട്(CTEV)
ഗ൪ഭപാത്രത്തിലായിരിക്കുമ്പോൾ കുഞ്ഞിന്റെ അസ്ഥികള്‍, അസ്ഥിബന്ധങ്ങള്‍, പേശികള്‍ എന്നിവയുടെ അസാധാരണമായ വികാസം മൂലമുണ്ടാകുന്ന സങ്കീര്‍ണ്ണവും അപായകരവുമായ ഒരു വൈകല്യമാണ് ക്ലബ് ഫൂട്ട്. കാഴ്ചയില്‍ ക്ലബ് ഫൂട്ട് ബാധിച്ച പാദം അകത്തേക്കോ തഴത്തെക്കോ വളഞ്ഞു കോണിയതായി തോന്നും. പാദം സാധാരണയേക്കാള്‍ മെലിഞ്ഞതോ വികാസമേറിയോ കൂ൪ത്തതായോ തോന്നിക്കുകയും കണങ്കാലിലെ കാൽ വണ്ണയിലെ മാംസ പേശികൾ മെലിഞ്ഞിരിക്കുകയും ചെയ്യും. കൂടാതെ ക്ലബ് ഫൂട്ട് കുട്ടിയുടെ പാദത്തെയും കണംകാലിനെയും ബാധിക്കുകയും കുതികാൽ, കാല്‍വിരലുകൾ എന്നിവ അകത്തേക്കാക്കുകയും ചെയ്യുന്നു. വൈകല്യം ദൃഡമായ സ്ഥിതിയിൽ സ്വയമേ ഇത് പരിഹരിക്കാ൯ സാധ്യമല്ല. ഈ രോഗാവസ്ഥ മിക്കവാറും താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ കുട്ടികളില്‍ കൂടുതലായി കാണപ്പെടുന്നു. തക്ക സമയത്ത് ചികിത്സിക്കാതിരുന്നാല്‍ ജീവിതകാലം മുഴുവ൯ വൈകല്യത്തോടെ ജീവിക്കേണ്ടിവരും. ഇതിന്റെ രൂപഭേദങ്ങളായ കാവസ് (Cavus) (പാദത്തിന് ഉയർന്ന കമാന രൂപം അല്ലെങ്കിൽ ഗുഹയുടെ വളവിനു സമാനം), അഡക്റ്റസ് (Adductus) (പെരുവിരലിന്റെ നേർക്ക് മുൻകാലുകൾ അകത്തേക്ക് വളയുക), വരസ്(Varus) (കുതികാൽ തലകീഴായി അല്ലെങ്കിൽ ഉള്ളിലേക്ക് തിരിയുക), ഇക്വിനോസ് (Equinus) (കാൽ താഴോട്ട് ചൂണ്ടി, ഒരാളെ മു൯പാദത്തിൽ നടക്കാൻ പ്രേരിപ്പിക്കുന്നു. ഈ ചലനം സ്വാഭാവികമാണ്, എന്നാൽ ക്ലബ്ഫൂട്ടിൽ ഈ സ്ഥാനം സ്നായുക്കളുടെ ഇറുക്കം മൂലം നടത്തം സ്വഭാവികമാകുന്നില്ല.
രോഗ കാരണങ്ങള്‍
അവലോകനങ്ങളില്‍ നിന്നും ഭൂരിഭാഗം വൈകല്യങ്ങളും ഒറ്റപ്പെട്ട ജനിതക ഘടനാ വ്യത്യാസങ്ങള്‍ കൊണ്ടോ പാരിസ്ഥിതിക വ്യതിയാനങ്ങൾ കൊണ്ടോ സംഭവിക്കുന്നതാണെന്നു കാണപ്പെടുന്നു. മാതാവിന്റെ പുകവലി, പ്രമേഹ രോഗാവസ്ഥ, ഗര്‍ഭകാലത്ത് ഗ൪ഭാശയത്തിനകത്തുണ്ടാകുന്ന വ്യതിയാനങ്ങള്‍ എന്നിവയും ഒരു ഘടകമാണ്. മറ്റു അപായ സാധ്യതകളായി കണക്കാക്കപ്പെപെടുന്നത് ഹൃദയം, മസ്തിഷ്കവുമായി ബന്ധപ്പെട്ടുകിടക്കുന്ന സ്പൈനൽ കോഡ്, സുഷുമ്നാ നാഡി എന്നിവയ്ക്കുണ്ടാകുന്ന തകരാര്‍, ഡൌണ്‍ സിണ്ട്രോം പോലുള്ള ജനിതക വൈകല്യങ്ങള്‍, അണുബാധ, മാതാവിന്റെ പോഷകാഹാരക്കുറവു എന്നിവയാണ്. അടിസ്ഥാന രോഗ നിര്‍ണ്ണയം ഇന്നും ഗവേഷണ വിധേയമായിക്കൊണ്ടിരിക്കുന്നു.
രോഗ നിര്‍ണ്ണയം
രോഗ നിര്‍ണയത്തിൽ പ്രധാനം ശാരീരിക പരിശോധനയാണ്. സാധാരണ ഗതിയില്‍ കുഞ്ഞു ജനിച്ചു കഴിഞ്ഞശേഷം തല മുതൽ പാദം വരെ ശാരീരിക പരിശോധനക്ക് വിധേയമാക്കുന്നു. അള്‍ട്രാ സൌണ്ട് ഉപയോഗിച്ച് ജനനത്തിനു മുന്‍പുതന്നെ രോഗ വിവരം അറിയാവുന്നതാണ്.
സ്വാഭാവിക സാഹചര്യങ്ങളില്‍ ജനിക്കുന്ന കുഞ്ഞ് നാളുകള്‍ കഴിഞ്ഞു നില്‍ക്കാനും നടക്കാനും തുടങ്ങുന്നതുവരെ ക്ലബ് ഫൂട്ട് എന്ന പ്രശ്നം സാധാരണ ഗതിയില്‍ ശ്രദ്ധിക്കപ്പെടുന്നില്ല. എന്നാല്‍ അസാധാരണമായി കാൽ പ്പാദങ്ങൾ താഴേക്കോ അകത്തേക്കോ ചൂണ്ടി വളഞ്ഞിരിക്കുന്ന അവസ്ഥ രോഗം സ്ഥിരീകരിക്കുന്നു. ഇരുകാൽപ്പാദങ്ങളിലോ ഒരു പാദത്തിൽ മാത്രമായോ ഇത് സംഭവിക്കാവുന്നതാണ്. ക്ലബ് ഫൂട്ട് പെണ്‍കുഞ്ഞുങ്ങളെ അപേക്ഷിച്ച് ആണ് കുട്ടികളിൽ കൂടുതൽ സംഭവിക്കുന്നതായി കാണുന്നു. ഇതല്ലാതെ ചില കുട്ടികൾ നടക്കാ൯ തുടങ്ങുമ്പോൾ കാലുകൾ അകത്തേക്ക് തിരിയുന്നതായി കാണാം. ഇതിനെ ഇന്‍-ടോവിംഗ് എന്ന് വിളിക്കുന്നു. ഇത് ചിലപ്പോള്‍ പ്രായത്തിനനുസരിച്ച് സ്വമേധയാ ശരിയാകുന്നു. കുഞ്ഞു ജനിച്ചു കഴിഞ്ഞു കാലും കാല്പാദങ്ങളും രൂപത്തിൽ അസാധാരണമായി തോന്നുകയാണെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ ഒരു ഓ൪ത്തോപീടിക് സര്‍ജന്റെ വിദഗ്ധ ഉപദേശം തേടാ൯ മടിക്കരുത്.
നിലവിലെ ചികിത്സാ രീതികള്‍
കാലിലെ മാംസപേശിയെ പാദവുമായി ബന്ധിപ്പിക്കുന്ന സ്നായുക്കളുടെ (Achilles Tendon) പ്രവര്‍ത്തന വികലത മൂലമാണ് പാദം അകത്തേക്കോ വശങ്ങളിലേക്കോ തിരിയാന്‍ കാരണമാകുന്നത്. നിലവില്‍ ചികിത്സ മൂന്നു ഘട്ടങ്ങളിലൂടെ കടന്നു പോകുന്നു. അതായത് കാസ്റ്റിംഗ്, സര്‍ജറി, സ്പെഷ്യല്ഷൂസ്/ബ്രാസിംഗ്. ഇതിനെ പരക്കെ അംഗീകരിച്ച പോൺസെറ്റി രീതി ( Ponseti Method) എന്നറിയപ്പെടുന്നു. ഡോ ഇഗ്നാസിയോ പോൺസെറ്റി എന്ന അമേരിക്ക൯ സര്ജ൯ ക്ലബ് ഫൂട്ട് ചികിത്സിക്കാ൯ അവലംബിച്ച രീതിയാണിത്. ഇത് കുഞ്ഞുന്നാളിലെ തന്നെ തുടങ്ങാവുന്നതാണ്. വ്യത്യസ്ത ഘട്ടങ്ങളില്‍ വ്യത്യസ്ത രീതി അവലംബിച്ച് ചെയ്യുന്ന ചികിത്സ 4 – 5 വയസ്സുവരെ നീണ്ടേക്കാവുന്നതാണ്. പല ഘട്ടങ്ങളിലായി വൈകല്യത്തെ തിരുത്തുന്നതിനായി കൃത്രിമ ഉപായ രീതി (Manipulation), കാസ്റ്റിംഗ് (Casting), ടെനോട്ടമി (Tenotamy),ബ്രാസിംഗ് (Bracing) തുടങ്ങിയ ചികിത്സാ രീതികൾ അവലംബിക്കുന്നു.
സീരിയല്‍ കാസ്റ്റിംഗ് : ഇതനുസരിച്ച് കുഞ്ഞിന്റെ കാല് വിരലുകൾ മുതൽ തുടവരെ നീളുന്ന ഒരു കൃത്രിമ ലെഗ് കാസ്റ്റ് (പ്ലാസ്റ്റര്‍) ചെയ്യുന്നു. ഒരാഴ്ചക്ക് ശേഷം ഇത് മാറ്റുകയും ഫലപ്രാപ്തി വിശകലനം ചെയ്തു വീണ്ടും തിരുത്തി പ്ലാസ്റ്റര്‍ ചികിത്സ തുടരുന്നു. പല ആവര്‍ത്തികൾ ഈ പ്രക്രിയ ചെയ്തു കാലുകള്‍ നേരെയാക്കുന്നു.
കാസ്റ്റിങ്ങും ബ്രേസിംഗും (Casting and Bracing)
സ്പെഷ്യൽ ഷൂസ് അഥവാ ബ്രേസിംഗ് : ഫൈനല്‍ കാസ്റ്റിംഗിന് കാലാവധിക്ക് ശേഷം ഫൂട്ട് അബ്ഡക്ഷൻ ബ്രേസ് (FAB) അല്ലെങ്കിൽ ബൂട്ട് ആൻഡ് ബാർ (BnB) ചിക്ത്സ തുടരുന്നു. ചികിത്സയുടെ തിരുത്തല്‍ ഘട്ടത്തിന് ശേഷം കുറഞ്ഞത് 12 ആഴ്ച്ചത്തെക്കെങ്കിലും ദിവസവും 23 മണിക്കൂറെങ്കിലും ബ്രേസിംഗ് ധരിക്കണം. തുടര്‍ന്ന് കുട്ടിക്ക് 4 - 5 വയസ്സുവരെ 12/24 മണിക്കൂ൪ ഈ ബ്രേസ് ധരിക്കേണ്ടത് ആവശ്യമാണ്. തുടര്‍ച്ചയായി ബ്രേസുകൾ ധരിക്കുന്നതുമൂലം പാദത്തിന്റെ ശരിയായ സ്ഥാനം നിലനിര്‍ത്തുന്നതിനും വൈകല്യം വീണ്ടും ഉണ്ടാകാതിരിക്കാനും സഹായകമാകുന്നു.
ഇത് കൂടാതെ ലഘുവായ ക്ലബ് ഫൂട്ട് വകഭേദങ്ങളിൽ മറ്റു ചികിത്സാ രീതികളും അവലംബിച്ച് കാണുന്നു. ചില സന്ദര്‍ഭങ്ങളിൽ സര്‍ജറി ഇല്ലാതെ ഒരു കണങ്കാല്-പാദ അംഗവൈകല്യ ശസ്ത്രക്രീയ വിദഗ്ദ്ധനു (Foot and Ankle Orthpaedic Surgeon) പാദ വൈകല്യമുള്ള കുട്ടികളെ അവരുടെ കാലുകൾ മൃദുവായി മസ്സാജു ചെയ്ത് സങ്കോചിച്ച ടിഷ്യൂകളെ നീട്ടുന്ന ചികിത്സ അവലംബിക്കുന്നുണ്ട്. ഓരോ ഇടവേളകള്‍ക്കു ശേഷവും X- റേ യിലൂടെ ചികിത്സാ പുരോഗതി വിലയിരുത്തി വീണ്ടും ആവര്‍ത്തിക്കുന്നു. അധികം രൂക്ഷമല്ലാത്ത അവസ്ഥയിൽ ഇത് ഭാഗികമായി വിജയിക്കാറുണ്ട്.
ചികിത്സാ വേളയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ക്ലബ് ഫൂട്ട്
ചികിത്സാ വേളയില്‍ മാതാപിതാക്കളുടെ പൂര്‍ണ്ണ പങ്കാളിത്തം അതി പ്രധാനമാണ്.
യഥാസമയങ്ങളില്‍ കുട്ടിയെ പരിചരിക്കുകയും ഡോക്ടറുടെ നിര്‍ദേശങ്ങൾ അപ്പാടെ പാലിക്കേണ്ടതുമാണ്. ബ്രേസിംഗ് കാലയളവില്‍ കുട്ടിയുടെ
ചര്‍മ്മത്തിന്റെ അവസ്ഥ, രക്തചംക്രമണം എന്നിവ പതിവായി ശ്രദ്ധിക്കണം. ഈ൪പ്പമില്ലാത്തതും,ചുളിവില്ലാത്തതും,
സുഖപ്രദവുമായ സോക്സുകൾ
ധരിപ്പിക്കുക. ബ്രേസ് ഷൂസുകള്‍ അയവില്ലാത്ത രീതിയില്‍ നിരന്തരം ഉപയോഗിക്കുക എന്നിവ
പ്രധാനമാണ്. കൂടാതെ ബ്രേസ്
ധരിക്കുന്നതിനെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും ചികിത്സിക്കുന്ന ഡോക്ടറോട് ചോദിച്ചു
നിവാരണം ചെയ്യേണ്ടതും ആവശ്യമാണ്. ചികിത്സയിലെ അന്തിമ ഘട്ടമായ ബ്രേസിംഗ് ഡോക്ടര്‍
നിര്‍ദേശിക്കുന്ന അളവിലും സമയ ബന്ധിതമായും തുടരേണ്ടതും തെറ്റായ രീതിയിലുള്ള
ചികിത്സ വൈകല്യം വീണ്ടും ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
സാമൂഹിക പിന്തുണ
ക്ലബ് ഫുട്ടുള്ള
കുട്ടികളെ മറ്റു കുട്ടികളെപ്പോലെ തന്നെ സമാന പരിഗണന നല്‍കേണ്ടതും അവര്‍ക്ക് സമൂഹത്തോടോപ്പം
മുന്നേറാനുള്ള ക്ഷമത പരിശീലിപ്പിക്കേണ്ടതുമാകുന്നു. മാതാപിതാക്കൾ അവരുടെ സാമൂഹിക പിന്നോക്കം ഒരിക്കലും അനുവദിക്കരുത്. അവരോടൊപ്പം
കളിക്കുകയും മാനസികോല്ലസങ്ങളിൽ
ഏര്‍പ്പെടുകയും വേണം. ചില സാഹചര്യങ്ങളില്‍ ഏകദേശം 10-15% കുട്ടികളിൽ വളര്‍ച്ചയോടൊപ്പം അവരുടെ ഒരു കാൽ മറ്റേതിനെ അപേക്ഷിച്ച് ചികിത്സാ കാരണങ്ങളാൽ ഒരു സെന്റീമീറ്ററോളം വലുപ്പ വ്യത്യാസം കാണുന്നു. കൃത്യമായ
ചികിത്സ കൃത്യ സമയത്ത് തുടങ്ങിയാല്‍ ഈ അവസ്ഥ പൂര്‍ണ്ണമായും ഭേദപ്പെടുത്താവുന്നതാണ്.
ചുരുക്കം ചിലരില്‍ മാത്രം ഇത് പ്രായത്തോടെ ആവര്‍ത്തിക്കുന്നതായി കാണുന്നു.
എങ്കിലും ചികിത്സിച്ചു സാധാരണ രീതിയിലാക്കാവുന്ന ഒരു വികലതയാണ് ക്ലബ് ഫൂട്ട്.
-0-
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ